Tuesday, June 17, 2008

ശാസ്ത്രത്തിനും തത്ത്വചിന്തക്കും അപ്പുറം

വിശുദ്ധ ഖുര്‍ ആനില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനത്തിന്റെ സവിശേഷത ഇതാണന്ന് തോന്നുന്നു. മനുഷ്യന് സ്വന്തം നിലക്ക് ഒരിക്കലും ആര്‍ജ്ജിക്കാന്‍ സാധിക്കാ‍ത്തതും തെറ്റാന്‍ തീരെ സാധ്യതയില്ലാത്തതുമായ് വിജ്ഞാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ കേവല സത്യവും കേവല യാഥാര്‍ഥ്യവും. അതി ഭൌതിക ജ്ഞാനമെന്നും ഇതിനെ വിളിക്കാം.
ശാസ്ത്രവും തത്വ ചിന്തയും അവസാനിക്കുന്നേടത്തു നിന്നാണ് അതിഭൌതിക ജ്ഞാനം ആരംഭിക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അവിടെ പ്രവേശനമില്ല. ബുദ്ധിക്കും യുക്തിക്കും പ്രവേശനമില്ല. ബുദ്ധിയും യുക്തിയും അതി ഭൌതിക ജ്ഞാനത്തിന് എതിരാവണമെന്നില്ല. എന്നാല്‍ ബുദ്ധികൊണ്ടും യുക്തി കൊണ്ടും അത് ആര്‍ജ്ജിക്കാന്‍ കഴിയില്ല. ഇതു പറയുമ്പോള്‍ മനുഷ്യനെ കൊച്ചാക്കുകയാണെന്ന് ധരിക്കരുത്. മനുഷ്യന്‍ അത്രയേ ഉള്ളൂ. ന്യൂട്ടനും ഐന്‍സ്റ്റീനും അത്രയേ ഉള്ളൂ. മാര്‍ക്സും റസ്സലും അത്രയേ ഉള്ളൂ. ഇവരെല്ലാവരും ഒന്നിച്ച് ചേര്‍ന്നാലും ജീവിച്ചിരിക്കുന്നവരും മരിച്ചു പോയ എല്ലാ മനുഷ്യരും അവരോടൊപ്പം ഒരുമിച്ചു ചേര്‍ന്നാലും അത്രയയേ ഉള്ളൂ! മനുഷ്യന്‍ എല്ലാം തികഞ്ഞവനാണെന്ന നാട്യം ശുദ്ധ അസംബന്ധമാണ്. എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും അല്ല മനുഷ്യന്‍. “ജ്ഞാനത്തില്‍ നിന്ന് വളരെ തുഛമായതേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ.” (വി:ഖു 17:85)
നമ്മള്‍ വളരെ ചെറിയവരാണ്. നമ്മുടെ ബുദ്ധി മൃഗങ്ങളുടേതിനോട് താരതമ്യം ചെയതാണ് നാം മേനി നടിക്കുന്നത്.ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം ഈ വിവരക്കുറവ് നമ്മെ നാണിപ്പിക്കുകയും വേദനിപ്പികയും ചെയ്യുന്നു. വളരെ കുറച്ച് വിവരമേ നമുക്കുള്ളൂ. മഹാ സാഗരത്തിലെ ഒരു തുള്ളി പോലെ, മണലാരണ്യത്തിലെ ഒരു തരി പോലെ വളരെ ചെറുത്. ഇത് സമ്മതിക്കാത്ത ശാസ്ത്രജ്ഞനോ ദാര്‍ശനികനോ കലാകാരനോ ഈ ലോകത്ത് ജീവിച്ച് പോയിട്ടില്ല.
കണ്ണും കാതും നാവും മൂക്കും തൊലിയും നല്‍കിയ വിവരങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും മൈസ്ക്രോ സ്കോപ്പിലിട്ട് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു ദിവസം പോലും സമാധനത്തോടെ ജീവിക്കാനവശ്യമായ അറിവ് നമുക്ക് ലഭിച്ചിട്ടില്ല. നാം ഇപ്പൊഴും മുമ്പത്തെ പോലെ കരയുന്നു, അത്ഭുതപ്പെടുന്നു, ആശങ്കിക്കുന്നു. ഭൌതികക്കും അതിഭൌതികക്കും ഇടക്കുള്ള കന്മതില്‍ ചിന്തയുടെ തലതല്ലി സങ്കടപ്പെടുന്നു. നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പോകുന്നവന്റെ വെപ്രാളം ജീവിത സമസ്യകളെ കുറിച്ച് അറിവില്ലാത്തതിന്റെ പേരില്‍ നമുക്കുണ്ട്. മരണത്തിന് ശേഷമെന്ത് എന്ന് ഒരു കൊച്ചു കുട്ടിയെങ്ങാനും ചോദിച്ചു പോയാല്‍ നമുക്ക് മറുപടിയില്ല. മാത്രല്ല ഇവിടെ ചോദ്യവും ചെറുതാണ്. പക്ഷേ മറുപടിയില്ല. ഒരു മനുഷ്യനും സ്വന്തം നിലക്ക് മറുപടി പറയാന്‍ സാധിക്കാതെ പോയ ഒരു കൊച്ചു ചോദ്യമാണിത്.മറുപടി പറയാന്‍ സാധിക്കാതെ പോയ കൊച്ചു ചോദ്യമാണിത്. സദാ നമ്മോടു കൂടെയുള്ള ആത്മാവു പോലും നമ്മുടെ തലയില്‍ കേരിയിട്ടില്ല. ഉത്തരം മുട്ടിയപ്പോഴെല്ലാം ഭൌതിക ലോകത്തിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളെ നാം നിഷേധിച്ചു. അപ്പോഴും മനസ്സിന്റെ അടിത്തട്ടില്‍ നമ്മെ വേട്ടയാടികൊണ്ടിരിക്കുന്നു എന്നതാണ് നേര്.
അതി ഭൌതിക ലോകം പോകട്ടെ, ഭൌതിക ലോകത്തെ കുറിച്ച് തന്നെ നാം മുഴുവന്‍ അറിഞ്ഞില്ല. അനന്തമായ പ്രപഞ്ചം നമുക്കിപ്പോഴും ഒരു വെല്ലു വിളിയും വിസ്മയവുമായി തുടരുന്നു. ശാസ്ത്രം ഇതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇനിയും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം തുഛമാണ്. എന്നാല്‍ പഠനവും മനനവും പുരോഗമിക്കും തോറും ഭൌതിക ലോകത്തെ ഇരുട്ട് നീങ്ങികൊണ്ടിരിക്കും. ഇന്ന് അജ്ഞാതമായ പലതും നാളെ നമ്മള്‍ അറിയും; ഇന്നലെ അറിയപ്പെടാത്ത പലതും ഇന്ന് അറിയുന്ന പോലെ. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഭൌതികലോകത്തെ കുറിച്ച് ഒരു നാള്‍ പൂര്‍ണമായി അറിഞ്ഞെന്നിരിക്കും. എന്നാല്‍ അതിഭൌതിക ലോകം ഇന്നും എന്നും അജ്ഞാതമായി അവശേഷിക്കും. കാരണം ലളിതം. അങ്ങോട്ട് മനുഷ്യന് പ്രവേശനമില്ല. “അവരോട് പറയുക. അള്ളാഹു അല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതി ഭൌതിക കാര്യങ്ങള്‍ അറിയുന്നില്ല.” (വി:ഖു 27:65)
ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അംഗീകരിക്കുന്നതാണ് നല്ലത്. തലവേദന ഒഴിവായിക്കിട്ടാനെങ്കിലും അത് സഹായാകമാവും. മനുഷ്യന്റെ അറിവും അറിവ് ആര്‍ജ്ജിക്കാനുള്ള കഴിവും വളരെ പരിമിതമാണ് എന്ന യാഥാര്‍ഥ്യം അക്കൂട്ടത്തില്‍ പെടുന്നു. ഇതിനര്‍ത്ഥം അറിവില്ലാത്തതിനെ കുറിച്ച് മനുഷ്യന്‍ ചിന്തിക്കരുതെന്നല്ല. ചിന്തയുടെ സാധ്യതകളെ അവന്‍ തെറ്റിദ്ധരിക്കരുതെന്ന് മാത്രം. അതിഭൌതിക ജ്ഞാ‍നത്തിന്റെ മേഖലയിലേക്ക് മനുഷ്യന് തീരെ പ്രവേശനമില്ല. ദൈവം വെളിപ്പെടുത്തിയ വിവരങ്ങളേ ആ മേഖലയില്‍ നമുക്കുള്ളൂ. ഒന്നുകില്‍ അത് വിശ്വസിച്ച് സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കില്‍ അവിശ്വസിച്ച് അസ്വസ്ഥമായി ജീവിക്കാം. ആദ്യം പറഞ്ഞ സ്വാസ്ഥ്യം വിജ്ഞാനത്തിന്റെ വാതിലടക്കുമെന്നോ ഒടുവില്‍ പറഞ്ഞ അസ്വാസ്ഥ്യം വിജ്ഞാത്തിന്റെ വാതില്‍ തുറക്കുമെന്നോ തെറ്റിദ്ധരിക്കേണ്ട. ഭൌതിക ജ്ഞാനത്തിന്റെ കാര്യത്തിലെ ഈ ധാരണ ശരിയാകൂ. അതി ഭൌതിക വിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ സ്വാസ്ഥ്യത്തിനും അസ്വാസ്ഥ്യത്തിനും ഒരു സ്വാധീനവുമില്ല. ദിവ്യബോധനം (വെളിപാട്) തന്നെ വേണം അതിന്റെ വാതില്‍ തുറക്കാന്‍. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിന്നും അപ്രമാദിത്യം കല്‍പ്പിച്ച്, വെളിപ്പെട്ട വിജ്ഞാനത്തെ നിഷേധിക്കുന്നവര്‍ അദൃശ്യ ലോകത്തേക്കുള്ള കവാടം കൊട്ടിയടക്കുകയാണ്.അവര്‍ക്ക് നഷ്ടമാകുന്നത് വിജ്ഞാനത്തിന്റെ ഒരു വലിയ ലോകം തന്നെയാണ്.
പ്രവാചകന്മാര്‍ മുഖേന ദൈവം വെളിപ്പെടുത്തിയ അതി ഭൌതിക ജ്ഞാനങ്ങള്‍ ശാസ്ത്രത്തിനും തത്വ ശാസ്ത്രത്തിനും എതിരല്ല. അവയ്ക്കതീതമാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിമൂലമുണ്ടാകുന്ന കുറവാണ് ഒരു പരിധി വരെ പ്രവാചകന്മാര്‍ മുഖേന നികത്തി ക്കിട്ടുന്നത്. സമ്പൂര്‍ണ ജ്ഞാനം പ്രവാചകന്മാര്‍ക്കും ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യവും അത് പ്രാപിക്കാനുള്ള മാര്‍ഗവും അതിനു ആവശ്യമായ വിവരങ്ങളും മാത്രമേ അവരെയും അറിയിച്ചിട്ടുള്ളൂ. ബാക്കി അവരും നമ്മളും അറിയാനിരിക്കുന്നതേയുള്ളൂ. “അവര്‍ പറയുന്നു അദ്ധേഹത്തിന് (പ്രവാചകന്) തന്റെ രക്ഷിതാവില്‍ നിന്ന് ഇറക്കപ്പെടാത്തതെന്ത് കൊണ്ട്? പറയുക, അതി ഭൌതിക ജ്ഞാനം അല്ലാഹിവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. നിശ്ചയം, ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (വി : ഖു 10:20)
വിജ്ഞാനം വരുന്ന വഴി പ്രധാനമായും മൂന്നെണ്ണമാണ്. പരീക്ഷണം, യുക്തി ചിന്ത, ദിവ്യ വെളിപാട്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രം, തത്ത്വ ശാസ്ത്രം, മതം. ഈ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരസ്പര വിരുദ്ധങ്ങളല്ല; പൂരകങ്ങളാണ്. കൂട്ടത്തില്‍ ശരിയെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗത്തിലൂടെ ലഭിച്ച അറിവുകളാണ്. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിനും തെറ്റാം. ഒരിക്കലും തെറ്റാനിടയില്ലാത്ത ദിവ്യ വെളുപാടുകളിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശാസ്ത്രവും തത്ത്വ ശാസ്ത്രവും വഴി ലഭിച്ച അറിവിന്റെ ആധികാരികത ഉറപ്പിക്കുന്നത്. മറിച്ചായാല്‍ അഥവാ, ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍, വെളിപ്പെട്ട ജ്ഞാനത്തെ വിലയിരുത്തിയാല്‍ അറിവിന്റെ ആധികാരികത ചോര്‍ന്നു പോകും.
വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ലഭിച്ച അറിവാണ് ശാസ്ത്രം. തെളിയിക്കപ്പെട്ട വസ്തുതയും നിരീക്ഷിച്ചരിഞ്ഞ സത്യവുമാണത്. വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തുടര്‍ച്ചയായി ശരിയെന്ന് തെളിയിക്കപ്പെട്ട വിവരങ്ങളാണിത്. വര്‍ഗീകരിക്കാനും പൊതു നിയമങ്ങളുടെ കീഴില്‍ സമാഹരിക്കാനും സാധിക്കുന്ന വിവരങ്ങള്‍ കൂടിയാണ് ഇവ. ശാസ്ത്രം യഥാര്‍ഥത്തില്‍ സത്യം കണ്ടെത്താനുള്ള മനുഷ്യ യത്നമാണ്; പ്രോത്സാഹിപ്പിക്കപെടേണ്ട പരിശ്രമമാണ്. ചിന്തിക്കാനും കണ്ടെത്താനുമുള്ള നിരന്തര ആഹ്വാനം ഖുര്‍ ആനിലുണ്ട്.“വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു ആകാശത്തു നിന്ന് വര്‍ശിക്കുന്ന മഴയിലും - അതു വഴി നിര്‍ജ്ജീവമായ ഭൂമിയെ സജ്ജീവമാക്കുകയും അതില്‍ എല്ലാ തരം ജീവികളെയും വ്യാപിപ്പികയും ചെയ്യുന്നു അവന്‍ - കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്‍ക്കിടയില്‍ നിയന്ത്രിച്ച് നിര്‍ത്തിയിട്ടുള്ള മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” (വി : ഖു 2:164) പ്രപഞ്ചത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ ശ്രദ്ധയില്‍ പ്പെടുത്തിയ ശേഷം നിങ്ങള്‍ കാണുന്നില്ലേ? ചിന്തിക്കുന്നില്ലേ? ഉറ്റാലോചിക്കുന്നില്ലേ ? എന്ന് ഖുര്‍ ആന്‍ അനേകം തവണ ചോദിച്ചിട്ടുണ്ട്.
അന്വേഷിക്കാനുള്ള ആഹ്വാനത്തിന് പുറമെ ധാരാളം ശാസ്ത്ര സൂചനകളുമുണ്ട് ഖുര്‍ ആനില്‍. ഒരുദാഹരണം “രണ്ട് സാഗരങ്ങളെ കൂട്ടി ച്ചേര്‍ത്തവനാകുന്നു അവന്‍. ഒന്ന് സ്വാദിഷ്ടമായ ശുദ്ധ ജലം. മറ്റേത് ചവര്‍പ്പുള്ള ഉപ്പു വെള്ളം. രണ്ടിനുമിടയില്‍ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു അവന്‍.” (വി:ഖു 25:53)എന്നാല്‍ അടിസ്ഥാന പരമായി ഒരു ശാസ്ത്ര ഗ്രന്ധമല്ലാത്തതിനാല്‍ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളും പ്രകൃതി യാഥാര്‍ഥ്യങ്ങളിലേക്കുള്ള സൂചനകളുമല്ലാതെ ശാസ്ത്ര സംബന്ധിയായ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും ഖുര്‍ ആനില്‍ അധികമില്ല. മിക്ക കാര്യങ്ങളും അള്ളാഹു നിഗൂഢമായി വെച്ചത് മനുഷ്യന്റെ ബുദ്ധിപരമായ വികാസം പരികണിച്ചു കൊണ്ടായിരിക്കാം. ഭൌതിക വിഷയത്തിലുള്ള നിഗൂഢതകള്‍ ഏതെങ്കിലും ഒരു കാലത്ത് മനുഷ്യന്‍ നീക്കിയെന്നുമിരിക്കാം
ഭൌതികയാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താ‍നും പ്രകൃതിയിലെ നിഗൂഢതകള്‍ നീക്കാനും ശാസ്ത്രത്തെ അവലംഭിക്കുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന് പരിമിതികളുണ്ട്. ശാസ്ത്രത്തിന് തെറ്റില്ലെന്നത് വെറും തെറ്റുധാരണയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും യാഥാര്‍ഥ്യത്തിന്റെ ഭാഹ്യ രൂപങ്ങളെ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ചിലപ്പോള്‍ വെളിപ്പെടുത്തപ്പെട്ടതിനപ്പുറമായിരിക്കും യാഥാര്‍ഥ്യം. മനുഷ്യന്റെ മുന്‍ധാരണകളും പരിമിതമായ അനുഭവങ്ങളും അവന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. അവന്റെ ധൈഷണിക സാമൂഹിക പരിസരങ്ങള്‍ക്കുമുണ്ട് ചില സ്വാധീനങ്ങള്‍. ഈ പരിമിതികളും സ്വാധീനങ്ങളും മനുഷ്യന്‍ കണ്ടെത്തുന്ന സത്യത്തിന്റെ സത്യ സന്ധതയെയും ആധികാരികതെയും ബാധിക്കുന്നുണ്ട്. അതിനാല്‍ കേവല സത്യവും കേവല യാഥാര്‍ഥ്യവും മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് അപ്പുറമാവാന്‍ സാധ്യതകള്‍ ഏറെയാണ്. അവന്റെ കണ്ടെത്തലുകള്‍ ആപേക്ഷിക സത്യത്തിന്റെയും ആപേക്ഷിക യാഥാര്‍ത്ത്യത്തിന്റെയും പദവിയിലേ എത്തുന്നുള്ളൂ.
ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലാണ് ശാസ്ത്രം വിഹരിക്കുന്നത്. അതി ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലേക്ക് അതിന് പ്രവേശനമില്ല. അവിടെയാണ് മനുഷ്യന്‍ തത്ത്വ ശാസ്ത്രത്തെ അവലംഭിക്കുന്നത്. ശാസ്ത്രം മുഖേന ലഭിച്ച അറിവുകള്‍ വെച്ച് യുക്തി ചിന്തയിലൂടെ അതി ഭൌതിക ലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യന്റെ ശ്രമാമാണ് തത്ത്വ ശാസ്ത്രം. സത്യമോ യാഥാര്‍ഥ്യമോ അല്ല, അവയോട് അടുത്തതോ അവയില്‍ നിന്ന് അകന്നതോ അവയോട് യോജിക്കുന്നവയോ വിയോജിക്കുന്നതോ ആയ നിഗമനങ്ങള്‍ മാത്രമാണ് തത്ത്വശാസ്ത്രംവഴി നമുക്ക് ലഭിക്കുന്നത്. ശാസ്ത്രത്തിന്റെ അത്ര പോലും വിശ്വാസ്യത തത്ത്വ ശാസ്ത്രത്തിനില്ല. കാരണം തെറ്റു പറ്റാനുള്ള സാധ്യത ഇവിടെ ശാസ്ത്രത്തിന്റെതിനേക്കാള്‍ കൂടുതലാണ്. ശാസ്ത്രത്തിന്റെ എല്ലാ പരിമിതികളും തത്ത്വശാസ്ത്രത്തിനുമുണ്ട്. കൂടാതെ മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും തത്ത്വ ശാസ്ത്രത്തെ സ്വാധീനിക്കുന്നുമുണ്ട്.
വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികവും സത്യ സന്ധവുമായ വഴി ദിവ്യ ബോധനമാണ്. സത്യത്തിന്റെ സത്യവും യാഥാര്‍ഥ്യത്തിന്റെ യാഥാര്‍ഥ്യവുമാണ് അത് വഴി വെളിപ്പെടുന്നത്. അത് തെറ്റില്ല. കാരണം, അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന്‍ അറിയുന്നു. ഹുവല്‍ ഹഖ് - ഭാഷന്തരീകരണത്തിന് വഴങ്ങാത്ത ഈ പ്രയോഗം ഖുര്‍ ആനിനിലുള്ളതാണ്. സത്യവും യാഥര്‍ഥ്യവും അല്ലാഹു തന്നെയാണെന്ന് മൊഴിമാറ്റിയാല്‍ അര്‍ത്ഥം പൂര്‍ണമാവുന്നില്ല. “ അതിഭൌതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതെ അത് അറിയുന്നില്ല.” (വി: ഖു 6:59)
അതി ഭൌതിക ജ്ഞാനം മാത്രമല്ല ചില അദൃശ്യ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിശുദ്ധ ഖുര്‍ ആന്‍ നല്‍കുന്നുണ്ട്. മറിയമിന്റെ ചരിത്രം വിശദീകരിച്ച ശേഷം “അദൃശ്യവാര്‍ത്തകളില്‍ നിന്നുള്ള വെളിപ്പടുത്തല്‍” എന്നാണ് ഖുര്‍ ആന്‍ പറഞ്ഞത്. (3:44) യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്നിടത്തും ഖുര്‍ ആന്‍ ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്(12:102). ചരിത്ര സംഭവങ്ങളുടെയും യാഥാര്‍ഥ്യം പൂര്‍ണമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നും ശാസ്ത്രവും തത്ത്വശാസ്ത്രവും മാത്രമല്ല ചരിത്രവും പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തിയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഏത് ജ്ഞാനത്തിന്റെയും സത്യസന്ധത മാറ്റുരക്കാനുള്ള ആധികാരിക ജ്ഞാനമാണ് ഖുര്‍ ആനിലുള്ളത്. ഖുര്‍ ആനിക വിജ്ഞാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര നിരീക്ഷണവും യുക്തി ചിന്തയും മാത്രമേ സത്യത്തിലേക്കും ശരിയിലേക്കും എത്തുകയുള്ളൂ. “നിശ്ചയം ഈ ഖുര്‍ ആന്‍ കൃത്യമായ ശരിയിലേക്ക് നയ്ക്കുന്നു” (17 :9)
ശാസ്ത്രവും തത്വ ശാസ്ത്രവും തെറ്റാം; ഖുര്‍ ആന്‍ തെറ്റില്ല. കാരണം ദിവ്യ വെളിപാ‍ടാണത്. ദൈവം പ്രവാ‍ചകന് വെളിപ്പെടുത്തികൊടുത്ത യാഥാര്‍ഥ്യങ്ങള്‍. അതി ഭൌതിക യാഥാര്‍ഥ്യങ്ങളും ഉണ്ട് അക്കൂട്ടത്തില്‍. പ്രവാചകന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതി ഭൌതിക ജ്ഞാനം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കില്ല. അതിനാല്‍ സഹജ വാസന(Instinct), അന്ത:പ്രജ്ഞ(Intuition), അന്തസ്ഫുരണം(Inspiration), ഇവയൊന്നും അതിഭൌതിക യാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള മാര്‍ഗങ്ങള്‍ അല്ല.“നിങ്ങള്‍ക്ക് അതിഭൌതിക കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയെന്നത് അല്ലാഹുവിന്റെ രീതിയല്ല. (അതിന്) അവന്‍ തന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ധേശിക്കുന്നവരെ തെരെഞ്ഞെടുക്കുന്നു. അതിനാല്‍ അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും വിശ്വസിക്കുവീന്‍” (വി :ഖു 3:179)
-----ഡോ. കൂട്ടില്‍ മുഹമ്മദലി--

3 comments:

സലാഹുദ്ദീന്‍ said...

നമ്മള്‍ വളരെ ചെറിയവരാണ്. നമ്മുടെ ബുദ്ധി മൃഗങ്ങളുടേതിനോട് താരതമ്യം ചെയതാണ് നാം മേനി നടിക്കുന്നത്.ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം ഈ വിവരക്കുറവ് നമ്മെ നാണിപ്പിക്കുകയും വേദനിപ്പികയും ചെയ്യുന്നു. വളരെ കുറച്ച് വിവരമേ നമുക്കുള്ളൂ. മഹാ സാഗരത്തിലെ ഒരു തുള്ളി പോലെ, മണലാരണ്യത്തിലെ ഒരു തരി പോലെ വളരെ ചെറുത്. ഇത് സമ്മതിക്കാത്ത ശാസ്ത്രജ്ഞനോ ദാര്‍ശനികനോ കലാകാരനോ ഈ ലോകത്ത് ജീവിച്ച് പോയിട്ടില്ല.

ഒരു സ്നേഹിതന്‍ said...

ഞാന്‍ കണ്ട ബ്ലോഗില്‍ നിന്നു വ്യത്യസ്തഥ പുലര്‍ത്തുന്ന ബ്ലോഗ്...
നല്ല വിവരണങ്ങള്‍...
സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ....
ആശംസകള്‍...

ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ??

സലാഹുദ്ദീന്‍ said...

പ്രിയ ഒരു സ്നേഹിതന്‍

താങ്കള്‍ക്ക് സ്വാഗതം

വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്